സ്വാതന്ത്ര്യലബ്ധിക്ക് എത്രയോ മുമ്പുതന്നെ ഐക്യകേരളം മലയാളികളുടെ സ്വപ്നമായിരുന്നു. കോണ്‍ഗ്രസ് ആദ്യം മുതലേ പ്രമേയങ്ങള്‍ വഴി ഐക്യകേരളത്തിന് നിലകൊണ്ടു. 1940നുശേഷം ഐക്യകേരളവാദത്തിന് ശക്തികൂട്ടി. ഐക്യകേരളത്തിനുവേണ്ടി കോണ്‍ഗ്രസ് ഒരു കമ്മറ്റിയെ ഏര്‍പ്പെടുത്തി. ഈ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 1946ല്‍ ചെറുതുരുത്തിയില്‍ കെ.പി. കേശവമേനോന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ഐക്യകേരളസമ്മേളനം വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചു. 1947 ഏപ്രിലില്‍ ഇതിന്റെ ഭാഗമായി തൃശൂരില്‍ കെ. കേളപ്പന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കൊച്ചി മഹാരാജാവ് കേരളവര്‍മ്മ നേരിട്ടെത്തി ഐക്യകേരളത്തെ അനുകൂലിച്ചു. പിന്നീട് പല സ്ഥലങ്ങളിലും സമ്മേളനങ്ങള്‍ നടന്നു.
ഐക്യകേരളത്തിന്റെ മുന്നോടിയായി തിരുവിതാംകൂറിനെയും കൊച്ചിയെയും ഒന്നാക്കാന്‍ തീരുമാനിച്ചു. 1949 ജൂലൈ ഒന്നിന് തിരുകൊച്ചി സംയോജനം നടന്നു. തിരുവിതാംകൂര്‍ രാജാവ് പുതിയ സംസ്ഥാനത്തിന്റെ രാജപ്രമുഖന്‍ (ഗവര്‍ണര്‍) ആയി. കൊച്ചി രാജാവ് പ്രജകള്‍ക്ക് വിശാല ജീവിതം കൈവരിക്കാന്‍ സാധാരണ പൗരനായി ജീവിക്കാന്‍ സന്നദ്ധമായി. ടി.കെ. നാരായണപിള്ള പുതിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. മന്ത്രിസഭയുടെ ഉദയാസ്തമയങ്ങളായിരുന്നു പിന്നീടങ്ങോട്ട്. സി. കേശവന്‍, എ.ജെ. ജോണ്‍, പട്ടംതാണുപിള്ള, പനമ്പിള്ളി ഗോവിന്ദമേനോന്‍ എന്നിവര്‍ മുഖ്യമന്ത്രിയായി തുടര്‍ന്നു. 1956 മാര്‍ച്ചില്‍ പനമ്പിള്ളി മന്ത്രിസഭ നിലംപതിച്ചു. അതോടെ തിരുകൊച്ചി പ്രസിഡന്‍റ് ഭരണത്തിലായി. പി.എസ്. റാവു, രാജപ്രമുഖന്റെ ഉപദേശകനായി എത്തി.
ഇതിനിടയില്‍ ഇന്ത്യ റിപ്പബ്ലിക്കാകുകയും ഭരണഘടന നിലവില്‍ വരികയും ചെയ്തു. സയ്യദ് ഫസല്‍ ആലി ചെയര്‍മാനും പണ്ഡിറ്റ് ഹൃദയനാഥ് കുന്‍ഡ്രം, സര്‍ദാര്‍ കെ.എം. പണിക്കര്‍ അംഗങ്ങളായും രൂപീകരിച്ച സംസ്ഥാന പുനഃസംഘടനാ കമ്മീഷന്‍ ഐക്യകേരള സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള ശ്രമം തുടരുകയായിരുന്നു. പുനഃസംഘടനാ കമ്മീഷന്റെ തീരുമാനപ്രകാരം അഗസ്തീശ്വരം, വിളവന്‍കോട്, കല്‍ക്കുളം, തോവാള എന്നീ തെക്കന്‍ തിരുകൊച്ചിയിലെ ഭാഗങ്ങളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും മദ്രാസിനോട് ചേര്‍ത്തും, മലബാര്‍ ജില്ലയും തെക്കന്‍ കാനറ ജില്ലയിലെ കാസര്‍കോട് താലൂക്ക് തിരുകൊച്ചിയോടും ചേര്‍ത്തും ഐക്യകേരളം രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതുപ്രകാരം 1956 നവംബര്‍ ഒന്നിന് ഐക്യകേരളം നിലവില്‍ വന്നു.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later