സ്വാതന്ത്ര്യലബ്ധി വരെ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിലെ രാഷ്ട്രീയം ചുറ്റിത്തിരിഞ്ഞത് സര്‍. സി.പി.യെ കേന്ദ്രീകരിച്ചതാണ്. ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് അധികാരമേറ്റപ്പോള്‍ പൊളിറ്റിക്കല്‍ അഡ്വൈസര്‍ (രാഷ്ട്രീയ ഉപദേഷ്ടാവ്) ആയിട്ടാണ് സി.പി.യുടെ തിരുവിതാംകൂറിലേക്കുള്ള രംഗപ്രവേശനം. ഒരുകാലത്ത് കോണ്‍ഗ്രസ്സിന്റെ അഖില്യോ നേതാക്കളില്‍ ഒരാളായിരുന്ന അദ്ദേഹം തിരുവിതാംകൂറിലെ കോണ്‍ഗ്രസിനെയും രാഷ്ട്രീയസംഘടനകളെയും തുടക്കംമുതലേ ഒളിഞ്ഞും തെളിഞ്ഞും എതിര്‍ത്തു. 1932ല്‍ തിരുവിതാംകൂറിലെ ഭരണഘടനാ പരിഷ്കാരങ്ങളോട് അനുബന്ധിച്ച് ഈഴവര്‍, മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയ പിന്നാക്ക ജാതിക്കാര്‍ നടത്തിയ "നിവര്‍ത്തന പ്രക്ഷോഭണം" (നിവര്‍ത്തനം എന്നാല്‍ വിട്ടുനില്‍ക്കല്‍ എന്നാണ് അര്‍ഥം) തിരുവിതാംകൂര്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ നിയമസഭയില്‍ പ്രാതിനിധ്യം നല്‍കുക, സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ പിന്നാക്ക സമുദായക്കാര്‍ക്ക് ലഭിക്കാന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷണറെ നിയമിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യം. സി. കേശവനായിരുന്നു നിവര്‍ത്തനപ്രക്ഷോഭണനേതാവ്. അദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി 1935 ജൂണില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. എന്നാല്‍ പിന്നാക്കക്കാര്‍ക്ക് ന്യായമായ പ്രാതിനിധ്യം ഉറപ്പുവരുത്താനും പബ്ലിക് സര്‍വീസ് കമ്മീഷണറെ നിയമിക്കാനും സര്‍ക്കാര്‍ തയ്യാറായി. പുതുക്കിയ സമ്മതിദാന നിയമപ്രകാരം 1937ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പിന്നാക്ക ജാതിക്കാര്‍ രൂപീകരിച്ച "പിന്നാക്ക രാഷ്ട്രീയസമിതി" മത്സരിച്ചു.
ഇതിനിടയിലാണ് 1938 ഫിബ്രുവരി രണ്ടാം വാരം ഹരിപുര (ഗുജറാത്ത്)യില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനം, രാജാക്കന്മാര്‍ ഭരിക്കുന്ന നാട്ടുരാജ്യങ്ങളില്‍ ഉത്തരവാദ ഭരണം സ്ഥാപിക്കാന്‍ പ്രത്യേക സംഘടന രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതുപ്രകാരം ഫിബ്രുവരി 23ന് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപം കൊണ്ടു. കോണ്‍ഗ്രസ് നേതാക്കളും, നിവര്‍ത്തനപ്രക്ഷോഭകരും ഒത്തുചേര്‍ന്ന് സ്റ്റേറ്റ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതും, ഉത്തരവാദിത്വഭരണം ആവശ്യപ്പെട്ടതും സര്‍. സി.പി. സഹിച്ചില്ല. സംഘടനയെ തകര്‍ക്കാന്‍ അദ്ദേഹം പദ്ധതികള്‍ ഓരോന്നായി ആവിഷ്ക്കരിച്ചു. പോലീസും റൗഡികളും സ്റ്റേറ്റ് കോണ്‍ഗ്രസിനെതിരെ രംഗത്തിറങ്ങി. പോലീസ് മര്‍ദ്ദനങ്ങളും അറസ്റ്റുകളും നടന്നു. തിരുവിതാംകൂര്‍ ദിവാനെതിരെ കോണ്‍ഗ്രസ് സമരം തുടങ്ങിയതോടെ അടിച്ചമര്‍ത്തല്‍ ശക്തമായി. പട്ടംതാണുപിള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റിലായി. കോണ്‍ഗ്രസ് ഓഫീസ് അടച്ചുപൂട്ടി. കോണ്‍ഗ്രസില്‍ "സര്‍വാധിപതി" സമ്പ്രദായം നിലവില്‍വന്നു. അറസ്റ്റ് വരിക്കാന്‍ പോകുന്ന നേതാവ് പുതിയ നേതാവിനെ രഹസ്യമായി അറിയിക്കുന്നതാണ് ഇതിന്റെ രീതി. പട്ടംതാണുപിള്ളയെ അറസ്റ്റുചെയ്തതിനെ തുടര്‍ന്ന് എന്‍.കെ. പത്മനാഭപിള്ള സര്‍വ്വാധിപതിയായി. അദ്ദേഹത്തെ അറസ്റ്റുചെയ്യാന്‍ 1938 ആഗസ്ത് 31ന് നെയ്യാറ്റിന്‍കരയിലെത്തിയ പോലീസും ജനക്കൂട്ടവും തമ്മില്‍ വഴക്കായി. ഇതേത്തുടര്‍ന്ന് നടന്ന വെടിവയ്പില്‍ രാഘവന്‍ എന്ന യുവാവും ആറുപേരും രക്തസാക്ഷിയായി. കൊല്ലത്ത് നടന്ന വെടിവയ്പില്‍ ഏഴുപേരും കോട്ടയത്തെ പുതുപ്പള്ളിയില്‍ നടന്ന വെടിവയ്പില്‍ ഒരാളും മരിച്ചു. പിന്നീട് ആലപ്പുഴയില്‍ തൊഴിലാളികള്‍ക്കുനേരെയും വെടിവയ്പ് ഉണ്ടായി.
സര്‍. സി.പി.സി.പി.യുടെ നടപടികളില്‍ അഖില്യോ തലത്തില്‍ പ്രതിഷേധം ഉയര്‍ന്നു. ഇതിനിടയില്‍ കോഴിക്കോട്ടുനിന്നും എ.കെ.ജിയുടെ നേതൃത്വത്തില്‍ തിരുവിതാംകൂറിലേക്ക് ജാഥ അയയ്ക്കാന്‍ കെ.പി.സി.സി. തീരുമാനിച്ചു. സെപ്തംബര്‍ 19ന് ജാഥ ആലുവയില്‍ എത്തിയതോടെ അറസ്റ്റ് ചെയ്തു. തലശ്ശേരിയില്‍ പാലക്കാട്ടുനിന്നും പ്രതിഷേധജാഥകള്‍ പിന്നീടും നടന്നു. തിരുവിതാംകൂറിലെ പത്രങ്ങളുടെ വായ് മൂടിക്കെട്ടാന്‍ സി.പി. നടപടി തുടങ്ങി. മലയാള മനോരമ പത്രം നിരോധിക്കുകയും പ്രസ് അടച്ച് മുദ്ര വയ്ക്കുകയും ചെയ്തു. 1938 സെപ്തംബര്‍ 29ന് കടയ്ക്കല്‍ നടന്ന സമരം അടിച്ചമര്‍ത്താന്‍ പട്ടാളം എത്തി. ആ പ്രദേശം യുദ്ധക്കളമായി. ഫ്രാങ്കോ രാഘവന്‍പിള്ള ആയിരുന്നു സമരത്തിന് നേതൃത്വം കൊടുത്തത്. 62 പേരെ പ്രതികളാക്കി പോലീസ് കേസ് എടുത്തു. സെപ്തംബര്‍ 30ന് തിരുവനന്തപുരം പാങ്ങോട്കല്ലറ ഔട്ട്പോസ്റ്റിലെ ഒരു പോലീസുകാരന്‍ മരിച്ചുകിടന്നതിന്റെ പേരില്‍ നടന്ന പോലീസ് മര്‍ദ്ദനം ജനങ്ങളെ ക്ഷുഭിതരാക്കി. പോലീസ് പിടിച്ചുകൊണ്ടുപോയ കൊച്ചപ്പിപ്പിള്ള എന്ന നാട്ടുകാരനെ പട്ടാളം കൃഷ്ണന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ വിട്ടുകൊടുത്തു. പക്ഷേ അദ്ദേഹത്തിന്റെ ദേഹത്തുള്ള മുറിവുകള്‍ ജനങ്ങളെ രോഷാകുലരാക്കി. നാട്ടുകാര്‍ സ്റ്റേഷന്‍ വളഞ്ഞു. ഇതേത്തുടര്‍ന്നുള്ള വെടിവയ്പില്‍ തച്ചോണം കൃഷ്ണന്‍, ചെറുവാളം കൊച്ചുനാരായണന്‍ ആശാരി എന്നിവര്‍ മരിച്ചു. പോലീസും പട്ടാളവും ദിവസങ്ങളോളം അവിടെ നരനായാട്ട് നടത്തി. പോലീസ് 29 പേരെ പ്രതിയാക്കി കേസ് എടുത്തു. പട്ടാളം കൃഷ്ണനെയും കൊച്ചപ്പിപ്പിള്ളയെയും പിന്നീട് തൂക്കിക്കൊന്നു.
മഹാരാജാവിന്റെ ജന്മദിനമായ ഒക്ടോബര്‍ 23ന് തലസ്ഥാനത്ത് പ്രകടനം നടത്താന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് തീരുമാനിച്ചു. പക്ഷേ നേതാക്കള്‍ മുഴുവന്‍ ജയിലിലായിരുന്നു തലസ്ഥാനത്തു തടിച്ചുകൂടിയ പതിനായിരക്കണക്കിന് ആളുകള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് അപ്രതീക്ഷിതമായി അക്കാമ്മ ചെറിയാന്‍ എത്തിയത് രാജകീയ ഭരണകൂടത്തെ ഞെട്ടിപ്പിച്ചു. 1938 ഡിസംബര്‍ 22ന് വട്ടിയൂര്‍ക്കാവില്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ വാര്‍ഷികയോഗം ദിവാന്‍ തടഞ്ഞു. എന്നാല്‍ നിശ്ചയിച്ച സമയത്തുതന്നെ വന്‍പ്രകടനത്തോടെ അവിടെ പൊതുയോഗം നടത്തിയത് സര്‍. സി.പി.ക്ക് മറ്റൊരു ആഘാതമായിരുന്നു. പക്ഷേ സി.പി. അടങ്ങിയിരുന്നില്ല. അഞ്ചുരൂപ പോലീസും, സിംസന്‍പടയും, ഗുണ്ടകളും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടു. അമേരിക്കന്‍ മാതൃകയില്‍ നീക്കം ചെയ്യാന്‍ പാടില്ലാത്ത എക്സിക്യൂട്ടീവ് ഉള്‍ക്കൊള്ളുന്ന ഒരു ഭരണസംവിധാനം 1946 ജനുവരിയില്‍ സര്‍. സി.പി. പ്രഖ്യാപിച്ചു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. ആലപ്പുഴ, അമ്പലപ്പുഴ ഭാഗങ്ങളിലെ മുതലാളിമാര്‍ക്ക് എതിരെ തൊഴിലാളികള്‍ സംഘടിക്കാന്‍ തുടങ്ങി. 1946 ഒക്ടോബറില്‍ പുന്നപ്രയിലും വയലാറിലും സര്‍ക്കാരിനെ വെല്ലുവിളിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സമരം ആരംഭിച്ചു. ഒക്ടോബര്‍ 24ന് പുന്നപ്രയില്‍ പോലീസും തൊഴിലാളികളും തമ്മില്‍ ഏറ്റുമുട്ടി. നൂറുകണക്കിന് തൊഴിലാളികള്‍ മരിച്ചുവീണു. ആലപ്പുഴയിലും ചേര്‍ത്തലയിലും പട്ടാളനിയമം പ്രഖ്യാപിച്ചു. 27ന് വയലാറില്‍ പട്ടാളവും പോലീസും ഏറ്റുമുട്ടി. ധാരാളം പേര്‍ മരിച്ചുവീണു. വയലാര്‍പുന്നപ്ര മനുഷ്യക്കുരുതിക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമെന്ന് ഉറപ്പായതോടെ, "സ്വതന്ത്ര തിരുവിതാംകൂര്‍" വാദവുമായി സര്‍. സി.പി. മുന്നോട്ടുപോയി. ഇതിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ അദ്ദേഹം വകവച്ചില്ല.
1947 ജൂലൈ 25ന് തിരുവനന്തപുരത്ത് സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സി.പി.യ്ക്ക് വെട്ടേറ്റു. 1947 ആഗസ്റ്റ് 19ന് അദ്ദേഹം തിരുവിതാംകൂര്‍ വിട്ടു. അതേ ദിവസം അവസാനത്തെ ഇംഗ്ലീഷ് റസിഡന്‍റ് സി.ജി.എന്‍. എഡ്വേര്‍ഡ് ഭാര്യയോടൊപ്പം തിരുവിതാംകൂറിനോട് വിടപറഞ്ഞു. പി.ജി.എന്‍. ഉണ്ണിത്താന്‍ ഒഫിഷിയേറ്റിങ് ദിവാനായി. തിരുവിതാംകൂറില്‍ ഉത്തരവാദിത്വഭരണം പ്രഖ്യാപിച്ചുകൊണ്ട് 1947 സെപ്തംബര്‍ 4ന് ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് വിളംബരം നടത്തി. തിരുവിതാംകൂറിന് ഭരണഘടന എഴുതി ഉണ്ടാക്കാനാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷം നേടി. പിന്നീട് നേതാക്കന്മാരുടെ അപേക്ഷ പ്രകാരം റിഫോംസ് സമിതിയെ നിയമസഭയാക്കാന്‍ മഹാരാജാവ് സമ്മതിച്ചു. ഇതേത്തുടര്‍ന്ന് പട്ടംതാണുപിള്ള പ്രധാനമന്ത്രിയും, ടി.എം. വര്‍ഗീസ്, സി. കേശവന്‍ മന്ത്രിമാരുമായി ആദ്യത്തെ ജനകീയ മന്ത്രിസഭ 1948 മാര്‍ച്ചില്‍ അധികാരമേറ്റു. ഈ മന്ത്രിസഭ നിയമസഭാകക്ഷിയിലുണ്ടായ ഭിന്നിപ്പിനെത്തുടര്‍ന്ന് 1948 ഒക്ടോബര്‍ 22ന് രാജിവെച്ചു. പിന്നീട് ടി.കെ. നാരായണപിള്ള പ്രധാനമന്ത്രിയായി പുതിയ മന്ത്രിസഭ അധികാരം ഏറ്റു. 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും ലയിക്കുന്നതുവരെ ഈ മന്ത്രിസഭയാണ് അധികാരത്തില്‍ തുടര്‍ന്നത്.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later