മലബാര്‍ കുറേക്കാലം പ്രിന്‍സിപ്പല്‍ കളക്ടര്‍മാരും പിന്നീട് കളക്ടര്‍മാരും ഭരിച്ചു. മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലായിരുന്നു മലബാര്‍ ജില്ല. മദ്രാസ് ഗവര്‍ണര്‍ ആണ് മേധാവി. അദ്ദേഹത്തിനു മുകളില്‍ കല്‍ക്കട്ടയിലും ഗവര്‍ണര്‍ ജനറല്‍ ഉണ്ട്. ബോംബെ, ബംഗാള്‍ എന്നിവിടങ്ങള്‍ ആയിരുന്നു മറ്റ് പ്രസിഡന്‍സികള്‍. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഗവര്‍ണര്‍ ജനറലിനെയും ഗവര്‍ണര്‍മാരെയും നിയന്ത്രിക്കുന്നത്. എന്നാല്‍ കടലിനക്കരെയുള്ള ബ്രിട്ടീഷ് പാര്‍ലമെന്‍റിന് വിധേയമാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ബ്രിട്ടീഷ് പാര്‍ലമെന്‍റ് നല്‍കിയിരുന്ന അവകാശപത്രങ്ങള്‍ കാലാകാലങ്ങള്‍ പുതുക്കിക്കൊണ്ടിരുന്നു. ഇതിനെ ചാര്‍ട്ടര്‍ നിയമങ്ങള്‍ എന്നുപറയുന്നു. 1857ല്‍ ഇന്ത്യയിലുണ്ടായ ആദ്യത്തെ സ്വാതന്ത്ര്യസമരത്തെ തുടര്‍ന്ന് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുത്തു. അതുവരെ ചാര്‍ട്ടര്‍ നിയമങ്ങള്‍ വഴിയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യയെ നിയന്ത്രിച്ചിരുന്നത്. മലബാറില്‍ പഴശ്ശിരാജയ്ക്കുശേഷം ഇംഗ്ലീഷുകാര്‍ക്ക് നേരിടേണ്ടിവന്ന പ്രധാന സമരം വയനാട്ടിലെ കുറിച്യരുടെ കലാപം (1812) ആയിരുന്നു. കുറിച്യരും കുറുമരും ഈ കലാപത്തിന് ഒരുങ്ങിയതിനുകാരണം അമിതമായ നികുതിനയം തന്നെയായിരുന്നു. പഴയ രാജാക്കന്മാരുമായി ഭരണവുമായി ബന്ധപ്പെട്ട ഉടമ്പടികള്‍ ഉണ്ടാക്കിയും, പരിഷ്കാരങ്ങള്‍ പരീക്ഷിച്ചും, കച്ചേരികള്‍ സ്ഥാപിച്ചു. പുതിയ പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയും ഇംഗ്ലീഷുകാരുടെ ഭരണം മലബാറില്‍ തുടരുമ്പോള്‍ അവിടെ മറ്റൊരു പ്രശ്നം തലപൊക്കി. അത് മാപ്പിളമാരും (മുസ്ലീങ്ങളും), ഹിന്ദുക്കളും തമ്മിലുള്ള ഉരസലായിരുന്നു. പലഭാഗത്തും ആക്രമണങ്ങളും കൊലപാതകങ്ങളും ഉണ്ടായി. ഇതിന്റെ പേരില്‍ ഒരു കളക്ടറെ തന്നെ കലാപകാരികള്‍ കൊന്നു (ഇതുസംബന്ധിച്ച വിവരം പ്രത്യേകമായി കൊടുത്തിട്ടുണ്ട്)
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later