1921ല്‍ ഒറ്റപ്പാലത്ത് ടി. പ്രകാശത്തിന്റെ അധ്യക്ഷതയില്‍ കൂടിയ കോണ്‍ഗ്രസ് സമ്മേളനം. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ഈ സമ്മേളനത്തില്‍ പങ്കെടുത്ത ഖിലാഫത്ത് പ്രവര്‍ത്തകരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പോലീസ് മര്‍ദിച്ചതാണ് മലബാര്‍ കലാപത്തിന് വിത്തുപാകിയ ആദ്യ സംഭവം.
എന്നാല്‍ വളരെ വേഗം കലാപം ഹിന്ദുമുസ്ലീം വഴക്കായി മാറി. സമാധാനത്തിനുള്ള ഗാന്ധിജിയുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും ശ്രമം പരാജയപ്പെട്ടു. മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി, പെരിന്തല്‍മണ്ണ എന്നിവിടങ്ങള്‍ കലാപകാരികളുടെ കൈയിലായി. ഹിന്ദുക്കളുടെ കൂട്ടത്തോടെയുള്ള പലായനത്തിന്റെയും മതംമാറ്റത്തിന്റെയും വാര്‍ത്തകളായിരുന്നു പിന്നീടങ്ങോട്ട്. പല സ്ഥലങ്ങളിലും പട്ടാളഭരണം പ്രഖ്യാപിച്ചു. കലാപകാരികളെന്ന പേരില്‍ ധാരാളം പേരെ പട്ടാളം കൊന്നൊടുക്കി. 1921 നവംബര്‍ 10ന് അടച്ചുമൂടിയ ഒരു ഗുഡ്സ് വാഗണില്‍ തിരൂരില്‍ നിന്നും കോയമ്പത്തൂരിലേക്ക് കൊണ്ടുപോയ മുസ്ലീം തടവുകാരില്‍ 60 പേര്‍ ശ്വാസംമുട്ടി മരിച്ചു. "വാഗണ്‍ ട്രാജഡി" എന്നാണ് ഇതിനെ അറിയപ്പെടുന്നത്. മലബാര്‍ പ്രദേശം സന്ദര്‍ശിച്ച് സമാധാനം പുനഃസ്ഥാപിക്കാന്‍ എത്തിയ ഗാന്ധിജിയെ പോലീസ് വാള്‍ട്ടറിയില്‍ വച്ച് തടഞ്ഞു.
മലബാര്‍ കലാപം അല്ലെങ്കില്‍ മാപ്പിള കലാപത്തിന്റെ അടിവേരുകള്‍ 1921-ന് ശതാബ്ദങ്ങള്‍ക്കു മുമ്പിലേക്ക് നീളുന്നു. ടിപ്പുസുല്‍ത്താനില്‍ നിന്നും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് മലബാര്‍ പ്രദേശം കിട്ടിയതും ജന്മിമാര്‍ക്ക് ഭൂമി തിരിച്ച് കമ്പനി നല്‍കിയതും, മുസ്ലീം സമുദായത്തിലെ അംഗങ്ങള്‍ക്ക് ഭൂമി ഇല്ലായ്മയും, അല്പം മതഭ്രാന്തും എല്ലാം ഈ കലാപങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് യഥാര്‍ത്ഥ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. 1836-1852 വരെയുള്ള കാലഘട്ടത്തില്‍ 53 മാപ്പിള കലാപങ്ങള്‍ വള്ളുവനാട്ഏറനാട് പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. ഇതേപ്പറ്റി പഠിക്കാന്‍ മലബാര്‍ ജഡ്ജി ടി.എന്‍. സ്ട്രേഞ്ചിനെ ഏകാംഗ കമ്മിഷനായി സര്‍ക്കാര്‍ നിയമിച്ചു. പക്ഷേ കലാപം "മതഭ്രാന്ത്" എന്നായിരുന്നു സ്ട്രേഞ്ചിന്റെ റിപ്പോര്‍ട്ട്. കൂട്ടപ്പിഴ ചുമത്തിയും കുറ്റക്കാരെ നാടുകടത്തിയും ആയുധം കൊണ്ടുനടക്കുന്നത് തടഞ്ഞും ലഹളയെ ഒതുക്കാമെന്നായിരുന്നു സ്ട്രേഞ്ചിന്റെ പ്രധാന നിര്‍ദ്ദേശം. ഇതുപ്രകാരം മാപ്പിള ആക്ട് സര്‍ക്കാര്‍ പാസാക്കി. പക്ഷേ ലഹള ശക്തമായി തുടര്‍ന്നു. ഇത് അവസാനം എത്തിയത് കളക്ടര്‍ കനോലിയെ 1855 സെപ്തംബര്‍ 12ന് രാത്രി കോഴിക്കോട്ട് ഔദ്യോഗിക ബംഗ്ലാവില്‍ വച്ച് വെട്ടിക്കൊന്ന സംഭവത്തിലാണ്. ഇതോടെ ബ്രിട്ടീഷ് പട്ടാളത്തിന്റെ തേര്‍വാഴ്ചയായിരുന്നു കുറേക്കാലം ഏറനാടന്‍ പ്രദേശങ്ങളില്‍. കൂട്ടപ്പിഴ ഈടാക്കലും നാടുകടത്തലും തുടര്‍ന്നു. വര്‍ഷങ്ങള്‍ പിന്നീട് പലതുകഴിഞ്ഞപ്പോള്‍ മലബാറില്‍ നിന്നും ലഭിച്ച ഒരു ഊമക്കത്ത് ഇംഗ്ലീഷ് സര്‍ക്കാരിന്റെ കണ്ണുതുറന്നു. മുസ്ലീങ്ങളുടെ ദുരിതപൂര്‍ണമായ ജീവിതം വിവരിക്കുന്നതായിരുന്നു ആ കത്ത്. ഈ കത്തിനെപ്പറ്റി അന്വേഷിക്കാന്‍ തെക്കേ മലബാര്‍ ജഡ്ജി ഗ്രാമിനും, ജില്ലാ മജിസ്ട്രേട്ട് വില്യം ലോഗനും അയച്ചുകൊടുത്തു. മാപ്പിള കലാപങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങളില്‍ കര്‍ഷക അസംതൃപ്തിയും അസ്വസ്ഥതയും ഉണ്ടെന്ന് അവര്‍ കണ്ടെത്തിയത് തിരുവിതാംകൂര്‍കൊച്ചി റസിഡന്‍റ് എ. മാക്ഗ്രിഗര്‍ ശരിവച്ചു. ഇതോടെ തുടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വില്യം ലോഗനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. മലബാറിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും രണ്ടായിരത്തോളം പരാതികള്‍ സ്വീകരിച്ചും ലോഗന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കര്‍ഷകന്റെ ദുഃഖകഥ നിറഞ്ഞതായിരുന്നു. ജന്മികുടിയാന്‍ ബന്ധങ്ങളില്‍ നിയമനിര്‍മാണം വഴി സര്‍ക്കാര്‍ ഇടപെടേണ്ടതാണെന്നും, ഒരു നിശ്ചിത ശതമാനം ഭൂമി കര്‍ഷകന് വിട്ടുകൊടുക്കണമെന്നും, കാര്‍ഷികാഭിവൃദ്ധിയ്ക്ക് ഒരു പരിശീലനസ്ഥാപനം ഉണ്ടാക്കേണ്ടതാണെന്നുമുള്ള നിരവധി ശ്രദ്ധേയമായ നിര്‍ദേശങ്ങള്‍ ലോഗന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. തിരുവിതാംകൂര്‍ ദിവാന്‍ ആയിരുന്ന സര്‍ ടി. മാധവറാവു അധ്യക്ഷനായും ലോഗനെയും മറ്റ് അംഗങ്ങളെയും ഉള്‍പ്പെടുത്തി 1884ല്‍ ഒരു കുടിയായ്മ കമ്മീഷണറെ നിയമിച്ചു. അതില്‍ ലോഗന്റെ നിര്‍ദ്ദേശങ്ങള്‍ ഒന്നും അംഗീകരിച്ചില്ല. ഈ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് 1886-ല്‍ "മലബാര്‍ കോംബന്‍സേഷന്‍ ഫോര്‍ ടെനന്‍റ്സ് ഇംപ്രൂവ്മെന്‍റ് ആക്ട്" നിലവില്‍ വന്നത്. പക്ഷേ ഇത് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമായിരുന്നില്ല. അതുകാരണം മാപ്പിള കലാപം തുടര്‍ന്നുകൊണ്ടിരുന്നു. അതിന്റെ അവസാനത്തെ കലാപം ആയിരുന്നു 1921-ലേത്.
1922 ജനുവരിയോടെ കലാപം അടിച്ചമര്‍ത്തി. കലാപനേതാക്കളായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മലപ്പുറം കോട്ടക്കുന്നിന്‍ ചരുവില്‍വച്ച് വെടിവച്ചുകൊന്നു. മറ്റൊരു നേതാവായ ആലി മുസലിയാരെ കോയമ്പത്തൂര്‍ ജയിലില്‍ തൂക്കിലേറ്റി. ഏഴുമാസം നീണ്ടുനിന്ന ഈ കലാപത്തില്‍ 2,399 പേര്‍ കൊല്ലപ്പെടുകയും 1652 പേര്‍ക്ക് പരിക്ക് പറ്റുകയും 45303 പേരെ തടവുകാരായി പിടിയ്ക്കുകയും ചെയ്തതായിട്ടാണ് സര്‍ക്കാര്‍ രേഖകള്‍ പറയുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതിനെക്കാള്‍ എത്രയോ അധികമായിരിക്കാം.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later