സ്വാതി തിരുനാള്‍ മഹാരാജാവ് അന്തരിച്ചതിനെത്തുടര്‍ന്ന് 1847ല്‍ അനുജന്‍ ഉത്രം തിരുനാള്‍ (1847-1860) ഭരണാധികാരിയായി. ഇംഗ്ലീഷ് വൈദ്യശാസ്ത്രത്തില്‍ അതീവ കമ്പക്കാരനായിരുന്ന അദ്ദേഹത്തിന്റെ ഭരണകാലം ശോഭനമായിരുന്നില്ല. അഴിമതിയും സ്വജനപക്ഷപാതവും എല്ലായിടത്തും അരങ്ങേറി. രാജ്യം കടക്കെണിയിലാകുമെന്ന സ്ഥിതിവരെ എത്തി. ഈ സമയം മലബാറിനെപ്പോലെ തിരുവിതാംകൂര്‍ ഭരണം ഏറ്റെടുക്കാന്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ആലോചന തുടങ്ങി. ഇതിനുവേണ്ടി ഗവര്‍ണര്‍ ജനറല്‍ ഊട്ടിയിലെത്തി ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ ഉത്തരേന്ത്യയില്‍ കമ്പനിക്ക് എതിരെ ഉയര്‍ന്നുവന്ന രാജാക്കന്മാരുടെ പ്രതിഷേധം അറിഞ്ഞ ഉടന്‍ അദ്ദേഹം തിരിച്ചുപോയി. 1857ല്‍ ഉത്തരേന്ത്യയില്‍ ഇംഗ്ലീഷ് കമ്പനിക്ക് എതിരെ കലാപം (ആദ്യസ്വാതന്ത്ര്യസമരം) തുടങ്ങി. ഇതിനുശേഷം ഇന്ത്യാ ഭരണം ഇംഗ്ലീഷ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇംഗ്ലണ്ടിലെ രാജ്ഞി ഇന്ത്യയുടെ ചക്രവര്‍ത്തിനിയായി. അതോടെ ഗവര്‍ണര്‍ ജനറല്‍ എന്ന പദവി "വൈസ്റോയി" എന്നാക്കി. പിന്നീടങ്ങോട്ട് കേരളം മാത്രമല്ല ഇന്ത്യ ഒട്ടാകെ പുതിയ മാറ്റത്തിന്റെ തുടക്കം ആരംഭിച്ചു. സമര്‍ത്ഥരായ കളക്ടര്‍മാരെയും ഉദ്യോഗസ്ഥന്മാരെയും ബ്രിട്ടീഷ് പ്രദേശങ്ങളില്‍ സര്‍ക്കാര്‍ നിയമിച്ചു. അതുപോലെ രാജാക്കന്മാര്‍ ഭരിക്കുന്ന സ്ഥലത്ത് ഭരണരംഗത്ത് കഴിവുതെളിയിച്ചവരെ ദിവാന്മാരായി നിയമിച്ചു. മലബാറിലെ കളക്ടര്‍മാരും, തിരുവിതാംകൂറിലെയും കൊച്ചിയിലെയും പുതിയ ദിവാന്മാരുമാണ് പിന്നീടങ്ങോട്ട് ഭരണം നയിച്ചത്. ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പുരോഗതിയുടെ പുത്തന്‍ ആശയങ്ങളുടെ വെളിച്ചമായി മാറി. ക്രമേണ ചിന്തിക്കുന്ന ഒരു യുവലോകം ഇന്ത്യയില്‍ ഉയര്‍ന്നുവരുന്നു. അതില്‍ കേരളവും പങ്കുചേരുന്നു. ഉത്രം തിരുനാളിനുശേഷം ആയില്യം തിരുനാള്‍ (1860-1880), വിശാഖം തിരുനാള്‍ (1880-1885), ശ്രീമൂലം തിരുനാള്‍ (1885-1924), റീജന്‍റ് റാണി സേതുലക്ഷ്മിഭായി (1924-1931), ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ (1931-1949) എന്നിവര്‍ തിരുവിതാംകൂര്‍ ഭരിച്ചു. രാമവര്‍മ്മ (1864-1888), കേരളവര്‍മ്മ (1888-1895), രാമവര്‍മ്മ (1895-1914), രാമവര്‍മ്മ (1914-1932), രാമവര്‍മ്മ (1932-1941), കേരളവര്‍മ്മ (1941-1943), രവിവര്‍മ്മ (1943-1946), കേരളവര്‍മ്മ (1946-1948), രാമവര്‍മ്മ അഥവാ പരീക്ഷിത്ത് തമ്പുരാന്‍ (1948-1948) ഇവരാണ് കൊച്ചി ഭരിച്ചത്. കൊച്ചിയിലും മലബാറിലും തിരുവിതാംകൂറിലും ഉണ്ടായ മാറ്റങ്ങള്‍ ഒന്നിച്ച് പറയുന്നതാണ് ഇനിയുള്ള ഭാഗങ്ങള്‍.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later