കാപ്പി, തേയില, ശാസ്ത്രീയമായ സുഗന്ധവ്യഞ്ജന തോട്ടങ്ങള്‍ എന്നീ രംഗങ്ങളില്‍ യൂറോപ്യന്മാരുടെ വന്‍ മുതല്‍മുടക്ക് കേരളത്തിന്റെ സാമ്പത്തിക രംഗത്തെ ശക്തമാക്കി. ഇത് പാരമ്പര്യരീതിയിലുള്ള കൃഷിക്ക് മാറ്റം വരുത്തി. 1799ല്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് അഞ്ചരക്കണ്ടിയില്‍ മാര്‍ഡോക്ക് ബ്രൗണ്‍ ആദ്യമായി സുഗന്ധവ്യഞ്ജനതോട്ടം ആരംഭിച്ചത്. ഇത് പിന്നീട് കമ്പനി ബ്രൗണിനുതന്നെ നല്‍കി. കാപ്പി, കറുവ, കുരുമുളക്, ഏലം എന്നിവയാണ് ഇവിടെ കൃഷിചെയ്തത്. പഴശ്ശിരാജയുടെ ചരമത്തിനുശേഷം ജോലി നഷ്ടപ്പെട്ട ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പട്ടാളക്കാര്‍ക്ക് ജോലി നല്‍കാനാണ് മാനന്തവാടി കുന്നിന്‍ചരുവില്‍ ആദ്യമായി കാപ്പികൃഷി പരീക്ഷിച്ചത്. അത് വിജയമായിരുന്നു. മാനന്തവാടിയിലെ ചെറിയ കാപ്പിത്തോട്ടങ്ങള്‍ മെസ്സെഴ്സ് പാരിഡെയര്‍ ആന്‍റ് കമ്പനി വിലയ്ക്കുവാങ്ങി, 1841ല്‍ വയനാട് കാപ്പി പ്ലാന്‍റേഷന്‍ ആരംഭിച്ചു. ഇതോടെ വയനാട് യൂറോപ്യന്‍ നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായി. 1884ല്‍ അവിടെ ചായത്തോട്ടങ്ങളും ആരംഭിച്ചു.
1862ല്‍ കോഴിക്കോട്ടും 1870ല്‍ തലശ്ശേരിയിലും പിയേഴ്സ് ലെസ്ലി കമ്പനി കാപ്പി സംസ്കരണഫാക്ടറികള്‍ ആരംഭിച്ചു. ക്രമേണ വന്‍കിട കമ്പനികള്‍ വയനാട്ടിലും മലബാറിന്റെ മറ്റ് പ്രദേശങ്ങളിലും പ്രവര്‍ത്തനം തുടങ്ങി. തോട്ടം വ്യവസായം പോലെ പട്ടുനൂല്‍ വ്യവസായവും വിദേശികള്‍ പരീക്ഷിച്ചു. ഇതിന്റെ ഭാഗമായി ബൈഗോണ്‍ ദിലൂര്‍മ് എന്ന ഫ്രഞ്ചുകാരന്‍ മാഹിയില്‍ മള്‍ബറിത്തോട്ടം ആരംഭിച്ചു. 1815ല്‍ മലബാറില്‍ പ്രവര്‍ത്തനം ആരംഭിച്ച ബാസല്‍ മിഷന്‍ ഓട്ടുകമ്പനി, നെയ്ത്ത് വ്യവസായം എന്നീ രംഗങ്ങളില്‍ മലബാറില്‍ മുതല്‍മുടക്കി. വയനാട്ടില്‍ നിന്നുകൊണ്ടുവന്ന കാപ്പിവിത്തുകള്‍ ഉപയോഗിച്ചാണ് യൂറോപ്യന്മാര്‍ പീരുമേട്ടില്‍ 1862ല്‍ കാപ്പികൃഷി ആരംഭിച്ചത്. 1864 പീരുമേട്ടില്‍ പരീക്ഷണാര്‍ത്ഥം തേയിലകൃഷിയും ആരംഭിച്ചു. 1877ല്‍ തിരുവിതാംകൂര്‍ ഇളയരാജാവ് വിശാഖം തിരുനാളിനുവേണ്ടിയാണ് സിലോണില്‍ നിന്നും റബ്ബര്‍ തൈകള്‍ കൊണ്ടുവന്നത്. കൃഷിയില്‍ അതീവ കമ്പക്കാരനായിരുന്നു വിശാഖം തിരുനാള്‍. അദ്ദേഹമാണ് മരിച്ചീനി (കപ്പ) തിരുവിതാംകൂറില്‍ പ്രചരിപ്പിച്ചത്. റബ്ബര്‍കൃഷിരംഗത്ത് പിന്നീട് വന്‍കിട കമ്പനികള്‍ കടന്നുവന്നു. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് കൊച്ചിയില്‍ ആദ്യം കാപ്പികൃഷി തുടങ്ങിയത്. എന്നാല്‍ 1838 ആലുവാ, ചാലക്കുടി ഭാഗത്താണ് വന്‍തോതില്‍ യൂറോപ്യന്മാര്‍ കാപ്പിത്തോട്ടങ്ങള്‍ ആരംഭിച്ചത്. പിന്നീട് തേയിലത്തോട്ടങ്ങളും റബ്ബര്‍തോട്ടങ്ങളും (1905) ആരംഭിച്ചു. ഈ മേഖലയിലെ തോട്ടങ്ങള്‍ കേരളത്തിന്റെ സമ്പദ്ഘടനയെ ആകെ മാറ്റിമറിച്ചു. സാമൂഹ്യസാംസ്കാരിക മേഖലയിലും ചലനങ്ങള്‍ സൃഷ്ടിച്ചു.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later