തിരുവിതാംകൂര്‍ സ്രഷ്ടാവ് മാര്‍ത്താണ്ഡവര്‍മ്മ (1729-58) നടത്തിയ പരിഷ്കാരപ്രകാരം ഭൂമിയുടെ അവകാശം ദേവസ്വം, ബ്രഹ്മസ്വം, പണ്ടാരവക, ദാനം എന്ന് നാലായി തരംതിരിച്ചിരുന്നു. പണ്ടാരവക എന്നാല്‍ ദൈവത്തിന്റെ വക എന്നാണ് അര്‍ഥം. ബഹുഭൂരിഭാഗം ഭൂമിയും പണ്ടാരവകയായിരുന്നു. ദൈവത്തിന്റെ ഭൂമി ഒരു നിശ്ചിത പാട്ടം ഈടാക്കി ആളുകളെ ഏല്പിച്ചിരുന്നു. ഭൂമിയിലെ അനുഭവം എടുക്കാമെന്നല്ലാതെ ഭാഗംവയ്ക്കാനോ, വില്‍ക്കാനോ അനുവാദം ഇല്ലായിരുന്നു. കൂട്ടുകുടുംബത്തിലെ കാരണവന്മാരായിരുന്നു ഈ ഭൂമി കൈകാര്യം ചെയ്തിരുന്നത്. കൂട്ടുകുടുംബത്തിനും, കാരണവന്മാരുടെ പക്ഷപാതത്തിനും എതിരെ അനന്തിരവന്മാര്‍ കലാപക്കൊടി പലേടത്തും ഉയര്‍ത്തിക്കൊണ്ടിരുന്നുവെങ്കിലും ഭൂമി ദൈവത്തിന്റെ (പണ്ടാര)വകയാണെന്ന് പറഞ്ഞാണ് കാരണവന്മാര്‍ ഒഴിഞ്ഞുമാറിയിരുന്നത്. എന്നാല്‍ ദിവാന്‍ സര്‍. ടി. മാധവറാവു 1865ല്‍ കൊണ്ടുവന്ന പണ്ടാരപ്പാട്ട വിളംബരം, സര്‍ക്കാര്‍ വക പാട്ടവസ്തുക്കള്‍ കുടിയാന് ഒരു നിശ്ചിതതുക ഈടാക്കി ഉടമസ്ഥാവകാശം നല്‍കി. ഇതോടെ ഭൂമി ഭാഗിക്കാമെന്നും വില്‍ക്കാമെന്നും വന്നു. കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ചയുടെ തുടക്കം ഇവിടെ നിന്നായിരുന്നു.
പഠിച്ച് സര്‍ക്കാര്‍ ജോലി ലഭിക്കുക സ്വപ്നമായി കണ്ടിരുന്ന ആയിരക്കണക്കിന് നായര്‍ യുവാക്കള്‍ക്ക് ഇതൊരു അനുഗ്രഹമായി മാറി. ഭാഗിച്ച് കിട്ടിയ ഭൂമി വിറ്റ് അവര്‍ പഠിക്കാന്‍ തുടങ്ങി. ഇത് തിരുവിതാംകൂറില്‍ വിദ്യാഭ്യാസരംഗത്ത് ഇരച്ചുകയറ്റം തന്നെ ഉണ്ടാക്കി. വര്‍ഷങ്ങള്‍ക്കുള്ളില്‍ തിരുവിതാംകൂറില്‍ നൂറുകണക്കിന് ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളും ഉണ്ടായി.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later