ക്ഷേത്രപ്രവേശന കാര്യത്തില്‍ മുഖം തിരിഞ്ഞുനിന്നെങ്കിലും അധികാരം ജനങ്ങളിലേയ്ക്ക് കൈമാറുന്നതിനും, ഐക്യകേരള രൂപീകരണത്തിനും മുമ്പില്‍നിന്ന രാജാക്കന്മാരാണ് കൊച്ചിരാജ്യം ഭരിച്ചത്. തിരുവിതാംകൂറിനെക്കാള്‍ പൊതുജനാഭിപ്രായം ആദ്യം ശക്തി പ്രാപിച്ചതും കൊച്ചിയിലാണ്. 1834ല്‍ ദിവാന്‍ എടമന ശങ്കരമേനോന്റെ ഭരണത്തിനെതിരെ വിവിധ സമുദായ പ്രതിനിധികള്‍ ചേര്‍ന്ന് മദ്രാസ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയതായിരുന്നു ആദ്യസംഭവം. ദിവാന്‍ വെങ്കടറാവുവിനെതിരെ പതിനായിരത്തിലേറെയുള്ള ജനക്കൂട്ടം റസിഡന്‍സിയില്‍ വന്നു താമസിച്ച മദ്രാസ് ഗവര്‍ണര്‍ക്ക് 1859ല്‍ നിവേദനം സമര്‍പ്പിച്ചത് മറ്റൊരു സംഭവം. 1933ന്‍ കൊടുങ്ങല്ലൂരിലെ കൃഷിക്കാരും തൊഴിലാളികളും കടഭാരത്തില്‍ നിന്നും മോചനം കിട്ടാന്‍ നടത്തിയ സമരം, 1936ലെ ഇലക്ട്രിസിറ്റി സമരം എന്നിവയും കൊച്ചിയില്‍ നടന്നു.
1938 ജൂണ്‍ 17ന് പാസാക്കിയ ഭരണപരിഷ്കാരപ്രകാരം ദ്വിഭരണപദ്ധതി കൊച്ചിയില്‍ നടപ്പാക്കി. ലജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ജനകീയ മന്ത്രിക്ക് ചില വകുപ്പുകള്‍ വിട്ടുകൊടുക്കാന്‍ മഹാരാജാവ് തയ്യാറായി. ഈ സമയത്ത് അവിടെ കൊച്ചിന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്, കൊച്ചിന്‍ കോണ്‍ഗ്രസ് എന്നീ രണ്ട് പ്രബല സംഘടനകള്‍ ഉണ്ടായിരുന്നു. കൊച്ചി സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവായ അമ്പാട്ടു ശിവരാമമേനോന്‍ കൊച്ചിയിലെ ആദ്യത്തെ ജനകീയമന്ത്രിയായി. അദ്ദേഹം മരിച്ചതിനെ തുടര്‍ന്ന് ഡോ. എ.ആര്‍. മേനോന്‍ മന്ത്രിയായി. 1942ല്‍ അവിശ്വാസപ്രമേയത്തെ തുടര്‍ന്ന് ടി.കെ. നായര്‍ മന്ത്രിസ്ഥാനം രാജിവച്ചു.
കൊച്ചിയില്‍ ഉത്തരവാദിത്വഭരണം ആവശ്യപ്പെട്ട് തിരുവിതാംകൂറിലെ പോലെ 1941ല്‍ കൊച്ചിരാജ്യപ്രജാമണ്ഡലം നിലവില്‍ വന്നു. ഇതിനെതിരെ അടിച്ചമര്‍ത്തലും, പാര്‍ട്ടിയെ നിരോധിക്കലും അറസ്റ്റും നടന്നു. എങ്കിലും പ്രജാമണ്ഡലം തളര്‍ന്നില്ല. 1945ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രജാമണ്ഡലം സ്ഥാനാര്‍ഥികളില്‍ പലരും ജയിച്ചു. അവര്‍ നിയമസഭയില്‍ പ്രതിപക്ഷമായി പ്രവര്‍ത്തിച്ചു.
കൊച്ചിയില്‍ "ഉത്തരവാദിത്വഭരണദിനം" ആചരിക്കാന്‍ പ്രജാമണ്ഡലം തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് മഹാരാജാവിന് ഒരു മെമ്മോറിയല്‍ സമര്‍പ്പിച്ചു. നിലവിലിരുന്ന മന്ത്രിസഭയ്ക്ക് എതിരെ അവിശ്വാസപ്രമേയം പാസായതിനെത്തുടര്‍ന്ന് മന്ത്രിമാര്‍ രാജിവച്ചു. അതോടെ അവരുടെ വകുപ്പുകള്‍ ദിവാന്റെ നിയന്ത്രണത്തിലായി. പിന്നീട് നിയമസമാധാനവും ധനകാര്യവും ഒഴികെയുള്ള വകുപ്പുകള്‍ മന്ത്രിമാര്‍ക്ക് വിട്ടുകൊടുക്കാന്‍ മഹാരാജാവ് സന്നദ്ധമായി. മറ്റ് ഗ്രൂപ്പുകളുമായി ചേര്‍ന്ന് മന്ത്രിസഭ ഉണ്ടാക്കാന്‍ പ്രജാമണ്ഡലം തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് പനമ്പിള്ളി ഗോവിന്ദമേനോന്‍, സി.ആര്‍. ഇയ്യുന്നി, കെ. അയ്യപ്പന്‍, ടി.കെ. നായര്‍ എന്നിവരുള്‍പ്പെടുന്ന ആദ്യത്തെ ജനകീയ മന്ത്രിസഭ 1946 സെപ്തംബര്‍ 9ന് അധികാരം ഏറ്റു. 1947 ആഗസ്റ്റ് 14- തീയതി ധനകാര്യം, നിയമവകുപ്പ് എന്നിവ ദിവാനില്‍ നിന്നും മാറ്റി ജനകീയ മന്ത്രിസഭയ്ക്ക് മഹാരാജാവ് വിട്ടുകൊടുത്തു. എന്നാല്‍ നിയമസമാധാനവകുപ്പ്, മന്ത്രിസഭയിലെ അംഗമായ ടി.കെ. നായരെ മഹാരാജാവ് ഏല്പിച്ചത് വിവാദമായി. ഇതേത്തുടര്‍ന്ന് ടി.കെ. നായര്‍ ഒഴികെ എല്ലാ മന്ത്രിമാരും രാജിവച്ചു. 1947 ഒക്ടോബര്‍ 18ന് രാജേന്ദ്ര മൈതാനത്ത് നടന്ന ലാത്തിച്ചാര്‍ജാണ് രാജിക്കു കാരണമായി മന്ത്രിമാര്‍ പറഞ്ഞത്. പിന്നീട് ടി.കെ. നായരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തില്‍ തുടര്‍ന്നു. 1948 സെപ്തംബറില്‍ നിയമസഭയിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ പ്രജാമണ്ഡലം വന്‍ഭൂരിപക്ഷം കരസ്ഥമാക്കി. ഇക്കണ്ടവാരിയര്‍ പ്രധാനമന്ത്രിയായ മന്ത്രിസഭ 1948ല്‍ അധികാരത്തില്‍ വന്നു. തിരുവിതാംകൂറും കൊച്ചിയും ലയിക്കുന്നതുവരെ ഈ മന്ത്രിസഭയാണ് തുടര്‍ന്നത്.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later