ഹിന്ദുമതത്തിലെ ജാതികളുടെ വേര്‍തിരിവിനും, അയിത്തത്തിനും തൊട്ടുകൂടായ്മയ്ക്കും എതിരെ വിദ്യാസമ്പന്നരായ യുവാക്കള്‍ അമര്‍ഷം കൊള്ളാന്‍ തുടങ്ങി. പക്ഷേ ഭരണകൂടങ്ങള്‍ പുരോഹിതന്മാരുടെയും യാഥാസ്ഥിതികരുടെയും പിടിയിലായിരുന്നു. ഇതിനെതിരെയുള്ള ആദ്യത്തെ പൊട്ടിത്തെറിയായിരുന്നു ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ. തിരുവനന്തപുരത്തിനു സമീപമുള്ള പ്രശാന്തസുന്ദരമായ അരുവിപ്പുറത്ത് 1888 ശിവരാത്രി ദിനത്തില്‍ നടത്തിയ അരുവിപ്പുറ ശിവപ്രതിഷ്ഠാ വാര്‍ത്ത അറിഞ്ഞ് സവര്‍ണര്‍ ഇളകിവശായി. എന്നാല്‍ താന്‍ "ഈഴവശിവ"നെയാണ് പ്രതിഷ്ഠിച്ചതെന്ന് ആയിരുന്നു ശ്രീനാരായണഗുരുവിന്റെ മറുപടി. കേരള നവോത്ഥാനത്തിന്റെ ഉദ്ഘാടനം ആയിരുന്നു ഈ സംഭവം. ആശയറ്റ് അഭിമാനം തകര്‍ന്ന അശരണരായ സമുദായങ്ങള്‍ക്ക് ആരാധനയ്ക്ക് സൗകര്യവും, അഭിമാനവും നല്‍കിക്കൊണ്ട് ശ്രീനാരായണഗുരു എതിര്‍പ്പിനെ അതിലംഘിച്ച് മുന്നോട്ടുപോയി.
ഈ സമയത്താണ് വേദങ്ങള്‍ ബ്രാഹ്മണര്‍ക്ക് മാത്രമേ പഠിക്കാവൂ എന്ന വാദത്തെ വെല്ലുവിളിച്ചുകൊണ്ട് ചട്ടമ്പിസ്വാമി രംഗത്തിറങ്ങിയത്. ഈ രണ്ടു സ്വാമിമാരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യതിന്മകള്‍ക്കും അനാചാരങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തി. ഇവര്‍ രണ്ടുപേരുടെയും ഗുരുസ്ഥാനീയനായ മറ്റൊരു സ്വാമിയാണ് തൈയ്ക്കാട് അയ്യാഗുരു. സ്വാതിതിരുനാളിന്റെ കാലത്ത് തെക്കന്‍ തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന വൈകുണ്ഠസ്വാമി (1809-1851)യാണ് അയിത്തത്തിനും അനാചാരങ്ങള്‍ക്കും എതിരെ ആദ്യം രംഗത്തിറങ്ങിയ സന്ന്യാസി. ഹിന്ദു യാഥാസ്ഥിതികത്വത്തെയും ക്രിസ്ത്യന്‍ മിഷണറിമാരുടെ മതംമാറ്റത്തെയും അദ്ദേഹം ഒരുപോലെ എതിര്‍ത്തു. ഒടുവില്‍ അദ്ദേഹത്തെ അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചു. തൈയ്ക്കാട് അയ്യാഗുരു സ്വാതിതിരുനാളിനോട് ശുപാര്‍ശ ചെയ്ത പ്രകാരമാണ് വൈകുണ്ഠസ്വാമിയെ ജയില്‍ വിമുക്തനാക്കിയതെന്ന് പറയുന്നു. കേരള സാമൂഹ്യമണ്ഡലത്തില്‍ ഈ കാലഘട്ടത്തിനും അതിനുശേഷവും സ്വാധീനം ചെലുത്തിയ സ്വാമിമാരാണ് ആലത്തൂര്‍ സിദ്ധാശ്രമ സ്ഥാപകനായ ബ്രഹ്മാനന്ദ സ്വാമി ശിവയോഗി (1852-1929), വടക്കേ മലബാറിലെ വാഗ്ഭടാനന്ദന്‍ (1885-1939) തുടങ്ങിയവര്‍.
ബംഗാളില്‍ ആരംഭിച്ച നവോത്ഥാന പ്രസ്ഥാനങ്ങളുടെ രണ്ടാം അമരക്കാരനായ സ്വാമി വിവേകാനന്ദന്‍ (ആദ്യപേര് നരേന്ദ്രന്‍)ന്റെ 1892ലെ സന്ദര്‍ശനം കേരളചരിത്രത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ഇന്ത്യയുടെ പല ഭാഗത്തുമുള്ള പണ്ഡിതന്മാരോട് തര്‍ക്കിച്ചും, ഹിന്ദു യാഥാസ്ഥിതികരോട് നീരസം പ്രകടിപ്പിച്ചും, രാജാക്കന്മാര്‍ക്ക് ഉപദേശം നല്‍കിയും യാത്ര തുടര്‍ന്ന ഇരുപത്തി എട്ടുകാരനായ നരേന്ദ്രന്‍ എന്ന സന്ന്യാസി മൈസൂറില്‍ വച്ച് ഡോ. പല്പുവിനെ കണ്ടു. ആ കൂടിക്കാഴ്ചയിലാണ് കേരളത്തിലെ അയിത്തത്തെപ്പറ്റിയും, താണജാതിയില്‍പ്പെട്ട പാവങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെപ്പറ്റിയും വിവേകാനന്ദന്‍ അറിഞ്ഞത്. ആധ്യാത്മികമാകുന്ന കൈപ്പിടിയിലൂടെ മാത്രമേ ഇന്ത്യയെ ഉയര്‍ത്താനും താഴ്ത്താനും കഴിയൂവെന്നും സമൂഹം അംഗീകരിക്കുന്ന ഒരു സന്ന്യാസിവര്യനെ കേന്ദ്രമാക്കി സംഘടന രൂപീകരിച്ച് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താനും വിവേകാനന്ദന്‍ പല്പുവിന് ഉപദേശം നല്‍കി. ഇതാണ് ശ്രീനാരായണഗുരുവിനെ അധ്യക്ഷനാക്കി പില്‍ക്കാലത്ത് ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം (എസ്.എന്‍.ഡി.പി. യോഗം) രൂപീകരിക്കാന്‍ ഡോ. പല്പുവിന് പ്രേരകമായത്. ഡോ. പല്പു പറഞ്ഞ നാട് നേരില്‍ കാണണമെന്ന് വിവേകാനന്ദന് തോന്നി. അങ്ങനെയാണ് അദ്ദേഹം തീവണ്ടിയില്‍ 1892 ജനുവരിയില്‍ പാലക്കാട് എത്തിയത്. പിന്നീട് കൊച്ചിയിലും, തിരുവനന്തപുരത്തും അദ്ദേഹം സഞ്ചരിച്ചു. ഡോ. പല്പു പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യം ആണെന്ന് വിവേകാനന്ദന് മനസ്സിലായി. ഇവിടം "ഭ്രാന്താലയം" ആയി അദ്ദേഹത്തിന് തോന്നി.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later