മലയാളി മെമ്മോറിയല്‍, വിവേകാനന്ദന്റെ കേരള സന്ദര്‍ശനം, ഡോ. പല്പു, മഹാകവി കുമാരനാശാന്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനം, നായര്‍ സമുദായത്തിലെ വിദ്യാസമ്പന്നരായ യുവാക്കളുടെ ചിന്താഗതി, അധസ്ഥിത നേതാവ് അയ്യന്‍കാളിയുടെ പ്രവര്‍ത്തനം, നമ്പൂതിരി സമുദായത്തില്‍ പുതിയ ചിന്താഗതിക്കാരായ യുവാക്കളുടെ പ്രവര്‍ത്തനം തുടങ്ങിയ പല കാരണങ്ങളാലും ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തില്‍ സാമുദായിക സംഘടനകള്‍ രൂപംകൊണ്ടു. ഈ സംഘടനകളുടെ പ്രവര്‍ത്തനം കേരളസമൂഹത്തെ കൂടുതല്‍ ചലനാത്മകമാക്കി.
1903 മേയ് 15ന് ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം രൂപംകൊണ്ടതാണ് സാമുദായിക സംഘടനകളില്‍ പ്രധാനം. 1904ല്‍ അരുവിപ്പുറത്ത് കൂടിയ യോഗത്തില്‍ ശ്രീനാരായണ ഗുരുവാണ് അധ്യക്ഷത വഹിച്ചത്. ഡോ. പല്പുവും മഹാകവി കുമാരനാശാനും ആയിരുന്നു ഇതിന്റെ നേതൃനിരയില്‍. കേശവനാശാന്‍ പരവൂരില്‍ നിന്നും പ്രസിദ്ധപ്പെടുത്തിയ "സുജാനാ നന്ദിനി"യും, മയ്യനാട്ടുനിന്നും സി.പി. കുഞ്ഞുരാമന്‍ (1911) പ്രസിദ്ധപ്പെടുത്തിയ "കേരളകൗമുദിയും ശ്രീനാരായണ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിച്ചു.
നായര്‍ സമുദായത്തില്‍ നിലനിന്നിരുന്ന താലികെട്ട്, കല്യാണം, തിരണ്ടുകല്യാണം, സംബന്ധം, പുലകുളി തുടങ്ങിയവ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1914 ഒക്ടോബര്‍ 31ന് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ് (നായര്‍ സര്‍വീസ് സൊസൈറ്റി) നിലവില്‍ വന്നു. 1917ല്‍ കെ. അയ്യപ്പന്‍, ചെറായില്‍ "സഹോദരസംഘ"ത്തിന് രൂപം നല്‍കി. ഇ.എം.എസ്. നമ്പൂതിരിപ്പാട്, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയ നമ്പൂതിരി യുവാക്കള്‍ നേതൃത്വം കൊടുത്ത യോഗക്ഷേമ പ്രസ്ഥാനം (1908) നമ്പൂതിരിസമുദായത്തെ പരിവര്‍ത്തനങ്ങളിലേക്ക് നയിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ദേശീയതലത്തിലുള്ള പ്രവര്‍ത്തനം സാമുദായ നേതാക്കളെയും യുവാക്കളെയും ആകര്‍ഷിക്കാന്‍ തുടങ്ങി. മലബാറില്‍ അയിത്തത്തിനെതിരെ ആദ്യസമരം നടന്നത് കോഴിക്കോട്ടായിരുന്നു. മിതവാദി പത്രാധിപര്‍ സി. കൃഷ്ണന്‍, കോഴിക്കോട്ട് തളിയല്‍ ക്ഷേത്രത്തിലെ നിരത്തുകളില്‍ സഞ്ചരിച്ച് താണജാതിയില്‍പ്പെട്ടവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനത്തെ 1917ല്‍ ചോദ്യം ചെയ്തു. ഈ സംഭവം അയിത്തത്തിനെതിരെയുള്ള ജനവികാരം ശക്തമാക്കി.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later