പോര്‍ട്ടുഗീസ് മിഷണറിമാരാണ് അച്ചടി കേരളത്തില്‍ കൊണ്ടുവന്നത്. എന്നാല്‍ തമിഴ് ടൈപ്പുകള്‍ ഉപയോഗിച്ചാണ് അച്ചടി നടത്തിയിരുന്നത്. ലത്തീന്‍ ഭാഷയിലെഴുതിയ "ഹോര്‍ത്തൂസ് മലബാറിക്കൂസ്" എന്ന ഗ്രന്ഥത്തില്‍ ആണ് മലയാള ലിപി ആദ്യമായി അച്ചടിച്ചത്. 1678നും 1703നും ഇടയ്ക്ക് ഡച്ചുകാര്‍ ആംസ്റ്റര്‍ഡാമില്‍ നിന്നാണ് ഈ പുസ്തകത്തിന്റെ പന്ത്രണ്ട് വാള്യങ്ങള്‍ പ്രസിദ്ധീകരിച്ചു. 1722ല്‍ റോമില്‍ നിന്നും പ്രസിദ്ധം ചെയ്ത ഫാദര്‍ ക്ലമന്‍റിന്റെ "സംക്ഷേപ വേദാര്‍ഥം" ആണ് മലയാളം ഉപയോഗിച്ച് ആദ്യം അച്ചടിച്ച പുസ്തകം. മലയാളഭാഷയെ സമ്പന്നമാക്കുന്നതിനും വ്യാകരണവും നിഘണ്ടുക്കളും നിര്‍മ്മിക്കുന്നതിനും വിദേശ മിഷണറിമാര്‍ വഹിച്ച പങ്ക് വലുതാണ്. അര്‍ണ്ണോസ്പാതിരി, ആന്‍ജലോ ഫ്രാന്‍സിസ്, റോബര്‍ട്ട് ഡ്രമഡ്, എഫ്. സ്പ്രിംഗ്, ഫാദര്‍ ബര്‍ത്തലോമിയ, ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, റിച്ചാര്‍ഡ് കോളിന്‍സ്, റവറന്‍റ് ബെഞ്ചിമന്‍ ബൈയ്ലി തുടങ്ങി എത്രയോ പേരുടെ സേവനം ഈ രംഗത്ത് കൃതജ്ഞതയോടെ ഓര്‍ക്കാനേ കഴിയൂ. 1821ല്‍ ബഞ്ചമിന്‍ ബെയ്ലി കോട്ടയത്ത് സി.എം.എസിന്റെ ആഭിമുഖ്യത്തില്‍ മലയാളം പ്രസ് സ്ഥാപിച്ചത് ഭാഷയുടെ നവീന അധ്യായത്തിന് തുടക്കമായി. നാരായത്തിലും പനയോലയിലും മാത്രം ഒതുങ്ങിനിന്ന ഭാഷാരചനകള്‍ ക്രമേണ കടലാസിലേക്ക് മാറാന്‍ തുടങ്ങി. കേരള ഭാഷയും സംസ്കൃതവും കലര്‍ന്ന മണിപ്രവാളത്തിലും, ഗദ്യപദ്യാത്മകമായ ചമ്പുക്കളും, സന്ദേശകാവ്യങ്ങളും, നിരണം കവികളുടെ രചനകളും, ചെറുശ്ശേരിയുടെ കൃഷ്ണഗാഥയും, (15- ശതകം), മധ്യകാല ചമ്പുക്കളും പിന്നിട്ട മലയാളഭാഷയ്ക്ക് പുതിയ രൂപവും ഭാവവും നല്‍കിയത് തുഞ്ചത്ത് എഴുത്തച്ഛന്റെ കാലത്താണ്. അദ്ദേഹമാണ് മലയാളഭാഷയുടെ പിതാവ്. അദ്ദേഹത്തിന്റെ കിളിപ്പാട്ടു പ്രസ്ഥാനം ഭാഷയ്ക്ക് പുതിയ വഴിത്തിരിവായിരുന്നു. ഗുരുവായൂര്‍ ഭക്തനായ പൂന്താനം (1547-1640) ഈ കാലത്തെ മറ്റൊരു കവിയായിരുന്നു. 17ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തോടെ ആട്ടക്കഥാപ്രസ്ഥാനം രൂപംകൊണ്ടു. 18- നൂറ്റാണ്ടില്‍ ഉണ്ണായി വാര്യര്‍ കാര്‍ത്തിക തിരുനാള്‍ (ധര്‍മ്മരാജാവ്), അശ്വതി തിരുനാള്‍ എന്നിവര്‍ ആട്ടക്കഥയ്ക്ക് നല്‍കിയ സംഭാവന വലുതാണ്. ഇരയിമ്മന്‍തമ്പി (1782-1856) സ്വാതിതിരുനാളിനെ ഉറക്കാന്‍ ഉണ്ടാക്കിയ ഓമനത്തിങ്കള്‍ കിടാവോ... എന്ന താരാട്ടുപാട്ട് കാലത്തെ അതിലംഘിച്ച് ഇന്ന് വനിതകളുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുന്നു. 18ാം നൂറ്റാണ്ടില്‍ തുള്ളല്‍ പ്രസ്ഥാനത്തിലൂടെയും വഞ്ചിപ്പാട്ടിലൂടെയും കുഞ്ചന്‍നമ്പ്യാരും, രാമപുരത്ത് വാര്യരും മലയാളത്തെ സമ്പന്നമാക്കി. ടി.എം. അപ്പുനെടുങ്ങാടിയുടെ (1887) "കുന്ദലത"യാണ് മലയാളത്തിലെ നോവല്‍ പ്രസ്ഥാനത്തിന്റെ തുടക്കം. എന്നാല്‍ ലക്ഷണമൊത്ത ആദ്യമലയാള നോവല്‍ ഒ. ചന്തുമേനോന്റെ ഇന്ദുലേഖ (1889)യാണ്. മലയാളഭാഷയിലെ ആദ്യത്തെ ചരിത്രനോവല്‍ സി.വി. രാമന്‍പിള്ള (1858-1922)യുടെ "മാര്‍ത്താണ്ഡവര്‍മ്മ"യാണ്.
മലയാളപത്രങ്ങളുടെ തുടക്കം സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉള്ളത്. 1847ല്‍ തലശ്ശേരിയിലെ ഇല്ലിക്കുന്നില്‍ ഡോ. ഗുണ്ടര്‍ട്ട് കല്ലച്ചില്‍ അച്ചടിച്ച "രാജ്യസമാചാരം" ആണ് മലയാളത്തിലെ ആദ്യ പത്രമെന്ന കാര്യത്തില്‍ സംശയം ഇല്ല. പിന്നീടുവന്ന ജ്ഞാനനിക്ഷേപം, പശ്ചിമോദയം, വിദ്യാസംഗ്രഹം എന്നീ പത്രങ്ങളെപ്പറ്റിയാണ് ചെറിയ ഭിന്നതയുള്ളത്. ഇവ ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തിയിരുന്ന മാസികകളാണ്. ഇതില്‍ വാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യം ഇല്ലായിരുന്നു. പിന്നീട് മലയാളക്കരയില്‍ വാര്‍ത്താപത്രങ്ങള്‍ വന്നുതുടങ്ങി. കൊച്ചിയില്‍ നിന്നുള്ള ഇംഗ്ലീഷ് പത്രമായ "വെസ്റ്റേണ്‍ സ്റ്റാര്‍"ഉം "പശ്ചിമതാരക"യും ആയിരുന്നു ഇതില്‍ പ്രധാനം. സത്യകാഹളം (1786), കേരളമിത്രം (1881), വിദ്യാവിലാസിനി (1881), വെസ്റ്റ് കോസ്റ്റ് സ്പെക്ടര്‍ (1879), കേരളപത്രിക (1884), മലയാളി (1886), നസ്രാണി ദീപിക (1887), വിദ്യാവിനോദിനി (1889), മലയാള മനോരമ (1890), സുജാനാനന്ദിനി (1891), സ്വദേശാഭിമാനി (1905), മിതവാദി (1907), കേരള കൗമുദി (1911), ദേശാഭിമാനി (1915), സഹോദരന്‍ (1917), യോഗക്ഷേമം, നായര്‍മാസിക (1902), സുവിസ് (1920), കേരള ദര്‍പ്പണം (1899), മാതൃഭൂമി (1923), അല്‍അമീന്‍ (1924), മലയാളരാജ്യം (1929), ഗോമതി (1930), കേസരി (1930), ദീപം (1931), ചന്ദ്രിക (1931), ചന്ദ്രിക (1934), മലബാര്‍ മെയില്‍ (1936), പൗരപ്രഭ (1938), പൗരധ്വനി (1939), ദീനബന്ധു (1941), ദേശാഭിമാനി (1942), എക്സ്പ്രസ് (1944), പ്രഭാതം (1944), ജനയുഗം, നവജീവന്‍ (1954) തുടങ്ങിയ എത്രയോ പത്രങ്ങള്‍ കേരളക്കരയില്‍ പ്രസിദ്ധീകരിച്ചിരുന്നതില്‍ ചിലതുമാത്രം. ഇതില്‍ പലതും പിന്നീട് ദിനപത്രങ്ങളായി.
ഭാഷയുടെയും സാഹിത്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും വളര്‍ച്ചയ്ക്കും സാമൂഹ്യപരിഷ്കരണത്തിനും പൗരാവകാശങ്ങള്‍ക്കും, സ്വാതന്ത്ര്യസമരത്തിനും ജനാധിപത്യവ്യവസ്ഥിതിയ്ക്കും ഈ പത്രങ്ങള്‍ നല്‍കിയ സംഭാവനകള്‍ നിസീമമാണ്. എന്നാല്‍ ഭരണകൂടങ്ങള്‍ക്കും അഴിമതികള്‍ക്കും എതിരെയുള്ള വാര്‍ത്തകള്‍ വന്നതോടെ പല പത്രങ്ങളും ഭരിക്കുന്നവരുടെ കണ്ണിലെ കരടായി മാറി. ഇത്തരത്തിലൊരു പത്രമായിരുന്നു കോട്ടയത്തുനിന്നും 1867ല്‍ പ്രസിദ്ധീകരിച്ചിരുന്ന സന്ദിഷ്ടവാദി. ഈ പത്രത്തിന്റെ വിമര്‍ശനം കാരണം അവസാനം തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിരോധിച്ചു. ആയില്യം തിരുനാളിന്റെ കാലത്ത് ഡോ. കീസ് എന്ന പത്രലേഖകനെ തിരുവിതാംകൂറില്‍ നിന്നും പുറത്താക്കി. അദ്ദേഹം പിന്നീട് "മലബാര്‍ സ്പെക്ടേറ്റര്‍" എന്ന പത്രത്തിലെ പത്രാധിപരായി. പത്രങ്ങള്‍ നിരോധിക്കുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വക്കംമൗലവിയുടെ ഉടമസ്ഥതയില്‍ പ്രസിദ്ധീകരിച്ചിരുന്ന "സ്വദേശാഭിമാനി" പത്രാധിപര്‍ കെ. രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സംഭവമാണ് തിരുവിതാംകൂര്‍ ചരിത്രത്തിലെ കറുത്ത അധ്യായം. 1910 സെപ്തംബര്‍ 26ന് രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറില്‍ നിന്നും നാടുകടത്തുകയും പ്രസ് കണ്ടുകെട്ടുകയും ചെയ്തു. 1916 മാര്‍ച്ച് 28ന് കണ്ണൂരില്‍വച്ച് അദ്ദേഹം അന്തരിച്ചു.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later