1885ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ബോംബേയില്‍ ആരംഭിച്ചപ്പോള്‍ത്തന്നെ അതില്‍ കേശവപിള്ള എന്ന മലയാളി ഉണ്ടായിരുന്നതായി രേഖ ഉണ്ട്. സി. ശങ്കരന്‍നായര്‍ (പില്‍ക്കാലത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ്), രൈരുനമ്പ്യാര്‍, ജി.പി. പിള്ള (ബാരിസ്റ്റര്‍ ജി.പി.), ഡോ. ടി.എം. നായര്‍ തുടങ്ങിയവര്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളായിരുന്നു. 1910ല്‍ മലബാറിലാണ് കോണ്‍ഗ്രസിന്റെ ആദ്യശാഖ തുടങ്ങിയത്. കോണ്‍ഗ്രസ്സിന്റെയും ആനി ബസന്‍റിന്റെ ഹോം റൂള്‍ പ്രസ്ഥാനത്തിന്റെയും ആദ്യകാല പ്രവര്‍ത്തനം മലബാറില്‍ ശക്തമാകുന്നതിന് പിന്നീടും വര്‍ഷങ്ങളെടുത്തു. ഇതിനിടയില്‍ വടക്കേ ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും ആരംഭിച്ച വിപ്ലവഭീകരസംഘടനകളില്‍ ആകൃഷ്ടനായി പുനലൂരിലെ വനംവകുപ്പ് ജീവനക്കാരനായ വാഞ്ചി അയ്യര്‍ എന്ന യുവാവ് തിരുനെല്‍വേലി കളക്ടര്‍ ആഷിനെ വെടിവച്ചുകൊന്നശേഷം (1911) ആത്മഹത്യ ചെയ്തു. ഒന്നാംലോക മഹായുദ്ധകാലത്ത് ബ്രിട്ടന് സംഭാവന നല്‍കാന്‍ മലബാര്‍ കളക്ടര്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ മലയാളത്തില്‍ പ്രസംഗിക്കാന്‍ കോണ്‍ഗ്രസ് നേതാവ് കെ.പി. കേശവമേനോനെ അനുവദിക്കാത്തതിനെ തുടര്‍ന്നുള്ള ബഹിഷ്ക്കരണം, ദേശീയപ്രസ്ഥാനമായ കോണ്‍ഗ്രസ്സിന് മലബാറില്‍ ശക്തികൂട്ടി. 1920ല്‍ ഖിലാഫത്ത് പ്രചരണാര്‍ത്ഥം ഗാന്ധിജി ഒറ്റദിവസത്തെ സന്ദര്‍ശനാര്‍ഥം കോഴിക്കോട് എത്തി. ഒന്നാംലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ തുര്‍ക്കി സുല്‍ത്താന്റെ പദവിയെ സംബന്ധിച്ച് ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം ലംഘിച്ചതിലുള്ള പ്രതിഷേധസമരമായിരുന്നു ഖിലാഫത്ത് സമരം. മുസ്ലീങ്ങളും കോണ്‍ഗ്രസ്സും തമ്മിലുള്ള ഐക്യം തകര്‍ക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമം തുടങ്ങി.
മലബാര്‍ കലാപത്തില്‍ തകര്‍ന്ന കോണ്‍ഗ്രസിന് പുനര്‍ജീവനം നല്‍കിയത് വൈക്കം സത്യാഗ്രഹമായിരുന്നു. വൈക്കം ക്ഷേത്രവഴികളില്‍ സമസ്ത ഹിന്ദുക്കള്‍ക്കും നടക്കാന്‍ അനുവാദത്തിനുവേണ്ടി മഹാത്മാഗാന്ധിജിയുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെയും അനുഗ്രഹത്തോടെ നടന്ന വൈക്കം സത്യാഗ്രഹത്തിന് "മാതൃഭൂമി" പത്രാധിപര്‍ കെ.പി. കേശവമേനോനും, സമുദായനേതാവായ ടി.കെ. മാധവനും ആണ് ആദ്യം നേതൃത്വം നല്‍കിയത്. ഈ സമരത്തോടനുബന്ധിച്ചാണ് ഗാന്ധിജി 1925ല്‍ രണ്ടാമതും കേരളം സന്ദര്‍ശിച്ചത്. ഗാന്ധിജി ശ്രീനാരായണഗുരുവും തിരുവിതാംകൂറിലെ ഭരണാധികാരി റീജന്‍റ് റാണി സേതുലക്ഷ്മിഭായിയുമായി സംഭാഷണം നടത്തി. 1924 മാര്‍ച്ച് 30ന് ആരംഭിച്ച വൈക്കം സത്യാഗ്രഹം 1926 നവംബര്‍ 21ന് പിന്‍വലിച്ചു. ക്ഷേത്രവഴികളില്‍ കൂടി സമസ്ത ഹിന്ദുക്കള്‍ക്കും സഞ്ചരിക്കാന്‍ അതോടെ അനുവാദം ലഭിച്ചു. വൈക്കത്ത് ലഭിച്ച ഈ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി മറ്റ് പലേടത്തും സമരം നടന്നു. ഇതേത്തുടര്‍ന്ന് 1928ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ എല്ലാ ക്ഷേത്രനിരത്തുകളിലൂടെയും എല്ലാം ഹിന്ദുക്കള്‍ക്കും സഞ്ചരിക്കാന്‍ അനുവാദം നല്‍കി. ഗുരുവായൂര്‍ ക്ഷേത്രം സമസ്ത ഹിന്ദുക്കള്‍ക്കും തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കേരളപ്രദേശ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ 1931 നവംബര്‍ ഒന്നിന് സത്യാഗ്രഹം തുടങ്ങി. കെ. കേളപ്പന്‍ ഇതിന്റെ നേതാവും, എ.കെ. ഗോപാലന്‍ ക്യാപ്റ്റനും ആയിരുന്നു. 1932 സെപ്തംബര്‍ 22ന് കേളപ്പന്‍ ക്ഷേത്രത്തിനു മുമ്പില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി. എന്നാല്‍ ദേശീയനേതാക്കളുടെ ഉപദേശപ്രകാരം കേളപ്പന്‍ ഒക്ടോബര്‍ രണ്ടിന് ഉപവാസം അവസാനിച്ചു. ഗാന്ധിജിയുടെ ആദ്യകേരള സന്ദര്‍ശനം ഖിലാഫത്ത് പ്രചരണാര്‍ഥം 1920 ജനുവരി 18ന് ആയിരുന്നു. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് ആണ് രണ്ടാം പ്രാവശ്യവും ഗാന്ധിജി കേരളം സന്ദര്‍ശിച്ചത്. 1927ലും, 1934ലും അദ്ദേഹം വീണ്ടും കേരളത്തില്‍ വന്നു.
1936 നവംബര്‍ 12ന് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ നടത്തിയ ക്ഷേത്രപ്രവേശന വിളംബരം അറിഞ്ഞപ്പോള്‍ "ആധുനിക യുഗത്തിലെ അത്ഭുതം" എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്. ഈ വിളംബരത്തിലൂടെ തിരുവിതാംകൂറിലെ സകല ക്ഷേത്രങ്ങളും എല്ലാ വിഭാഗങ്ങളില്‍പ്പെട്ട ഹിന്ദുക്കള്‍ക്കും തുറന്നുകൊടുത്തു. 1937 ജനുവരിയില്‍ ക്ഷേത്രപ്രവേശന വിളംബര ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഗാന്ധിജി തന്നെ തിരുവിതാംകൂര്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ അഞ്ചാമത്തേതും അവസാനത്തേതുമായ കേരളസന്ദര്‍ശനമായിരുന്നു ഇത്. തിരുവിതാംകൂറിന്റെ പാത പിന്തുടര്‍ന്ന് ക്ഷേത്രങ്ങള്‍ സമസ്ത ഹിന്ദുക്കള്‍ക്കും തുറന്നുകൊടുക്കാന്‍ ഗാന്ധിജി കൊച്ചി മഹാരാജാവിനോടും കോഴിക്കോട് സാമൂതിരിയോടും അഭ്യര്‍ത്ഥിച്ചു.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later